തിരുവനന്തപുരം: നടക്കുന്നത് വലിയ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ആണെന്നും നമ്മുടെ രാജ്യം ജീവിക്കണോ മരിക്കണോ എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമ്മതിദാന അവകാശം വിനിയോഗിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഇന്ത്യ ജീവിക്കണം എന്നാണ് ഉത്തരം കൊടുക്കേണ്ടതെങ്കിൽ ഈ വർഗീയ ഫാസിസ്റ്റ് സർക്കാരിനെ താഴെയിറക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോണഗ്രസിന്‍റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ഒരു സർക്കാർ ഉണ്ടാകണം എന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. രാജ്യത്ത് കോൺഗ്രസിന് അനുകൂലമായ ഒരു നിശബ്ദ തരംഗം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ദേശീയ തലത്തിൽ ഇന്ത്യമുന്നണിയും കോൺഗ്രസും ഒരു മികച്ച മാറ്റം കൊണ്ടുവരുമെന്നും ജനം കരുതുന്നുണ്ട്. മനോഹരമായ ഒരു പ്രകടന പത്രികയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്. അതിന്‍റെ താരതമ്യം ഉണ്ടാകും. കേരളത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങളുടെ അമർഷവും രോക്ഷവും പ്രതിഷേധവും പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. കേരളത്തിൽ 20 സീറ്റും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാജ്യം നേരിടുന്നത് ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയും പ്രതികരിച്ചു. കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്രസർക്കാരിനും കേരള സർക്കാരിനും എതിരെ വീശുകയാണ്. ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിംഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന് തരിപ്പണമാകും. 20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ് ഞങ്ങളുടെ എല്ലാം ആത്മവിശ്വാസമെന്ന് ആന്‍റണി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.