തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊതുജനങ്ങൾ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. അതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ പുലർച്ചെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെയും വടക്കൻ തമിഴ്‌നാട് തീരത്ത്രാ രാവിലെ 05.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.