ഗോവയിൽ ആഴ്ച്ചകളോളം ഒരു കാരക്ക മാത്രം കഴിച്ച സഹോദരൻമാർ മരിച്ചു. 27ഉം 29ഉം വയസുളള യുവാക്കളാണ് പട്ടിണി കിടന്ന് മരിച്ചത്. വീട്ടിൽ നിന്നും അവശനിലയിൽ കണ്ടെത്തിയ സഹോദരങ്ങളുടെ അമ്മ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെ ഗോവയിലെ മർഗാവിലാണ് സംഭവം. ഭാര്യയും കുട്ടികളുമായി അകന്നു കഴിയുന്ന അച്ഛൻ നസീർ ഖാൻ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വാതിൽ അകത്തു നിന്നും പൂട്ടിയിരുന്നു. അകത്ത് നിന്നും പ്രതികരണവുമുണ്ടായില്ല. തുടർന്ന് പോലീസ് സഹായത്തോടെ വാതിൽ തുറന്നു. സഹോദരങ്ങളായ സുബേർ ഖാൻ, ആഫാൻ ഖാൻ എന്നിവരെ രണ്ടു മുറികളിലായി മരിച്ച നിലയിൽ കണ്ടെത്തി. മെലിഞ്ഞൊട്ടിയ നിലയിലായിരുന്നു മൃതദേഹം. അവശ നിലയിലായിരുന്ന അമ്മ റുഖ്സാന ഖാനെ അടിയന്തര ചികിത്സയ്ക്ക് ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ഒരാഴ്ച്ച മുൻപ് അച്ഛൻ നസീർ ഖാൻ വീട്ടിലെത്തിയപ്പോൾ സഹോദരങ്ങൾ ഇവരെ കാണാൻ അനുവദിച്ചിരുന്നില്ല. പണം നൽകാനുപയോഗിച്ച വാതിലിലെ ദ്വാരവും ഇവർ അടച്ചു. ഭാര്യയുടേയും കുട്ടികളുടേയും വ്രതത്തിലും ഭക്ഷണ രീതികളിലും എതിർപ്പുണ്ടായിരുന്ന നസീർ ഖാൻ മർഗാവിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. മാസങ്ങളായി ബന്ധുക്കളുമായോ പ്രദേശവാസികളുമായോ കുടുംബം ബന്ധം പുലർത്തിയിരുന്നില്ല.
മരിച്ച സുബേർ ഖാൻ വിവാഹിതനും എഞ്ചിനിയറുമാണ്, സഹോദരൻ ആഫാൻ ഖാനും ഉന്നത പഠനം പൂർത്തിയാക്കിയിരുന്നു. കുട്ടിക്കാലത്ത് മഹാരാഷ്ട്രയിൽ ആയിരുന്ന ഇരുവരും അമ്മയോട് ഏറെ അടുപ്പം പുലർത്തിയിരുന്നതായും വ്യത്യസ്തമായ സ്വഭാവം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പേശികൾ ശോഷിച്ചും ശരീരത്തിലെ പോഷാകാഹര കുറവുമാണ് മരണക്കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഗോവ പോലീസ് അന്വേഷണം തുടങ്ങി.