കോഴിക്കോട്: പ്രാവുകളെയും കൊക്കുകളെയും ദേശാടന പക്ഷികളെയും ഉള്‍പ്പെടെ ക്രൂരമായി പിടികൂടി കഴുത്തു ഞെരിച്ച് കൊന്ന് ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പിടിയില്‍. പന്നിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മണികണ്ഠന്‍, രാജേഷ്, രവി എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇവരെ അധികൃതര്‍ക്ക് കൈമാറിയെങ്കിലും നിയമ നടപടി സ്വീകരിക്കാന്‍ തടസങ്ങളുണ്ടെന്ന കാരണത്താല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരകുറ്റി വയലിലാണ് ഇത്തരമൊരു ക്രൂരത അരങ്ങേറിയത്. പാടത്ത് കളിക്കാന്‍ എത്തിയവരാണ് നടക്കാന്‍ കഴിയാത്ത തരത്തില്‍ പ്രാവുകളെ കണ്ടെത്തിയത്. കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലും കാലുകളും ബന്ധിപ്പിച്ച നിലയിലുമാണ് പക്ഷികളെ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ സംഘം ഇവിടെ നിന്ന് പക്ഷികളെ സമാന രീതിയില്‍ പിടികൂടുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
പിടികൂടുന്ന ഏതാനും പ്രാവുകളുടെ കണ്ണില്‍ സൂചിയോ മറ്റു വസ്തുക്കളോ ഉപയോഗിച്ച് കുത്തിയിറക്കി കാഴ്ച ശക്തി ഇല്ലാതാക്കും. പിന്നീട് കാലുകള്‍ ബന്ധിച്ച് കൊയ്ത്ത് കഴിഞ്ഞ പാടത്ത് ഉപേക്ഷിക്കും. ചുറ്റും വല വിരിക്കുകയും ചെയ്യും. പ്രാവുകളെ കണ്ട് ഇവിടേക്ക് എത്തുന്ന മറ്റ് പക്ഷികള്‍ ഈ കെണിയില്‍പ്പെടുന്ന മുറക്ക് അവയെ പിടികൂടി കഴുത്തുഞെരിച്ച് കൊന്ന് ചാക്കിലാക്കി കൊണ്ടുപോകുന്നതാണ് ഇവരുടെ രീതി. പിന്നീട് ഇവയെ ഭക്ഷിക്കുമെന്ന് ചോദ്യം ചെയ്യലില്‍ മൂന്ന് പേരും സമ്മതിച്ചതായും നാട്ടുകാര്‍ പറഞ്ഞു.
വനംവകുപ്പിന്റെ സംരക്ഷിത പട്ടികയില്‍ പ്രാവുകള്‍ ഉള്‍പ്പെടുന്നില്ല എന്നതിനാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ തടസമുണ്ടെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരില്‍ നിന്ന് കണ്ടെത്തിയ പക്ഷികളെ പിടികൂടാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പൊലീസ് പിടികൂടി നശിപ്പിച്ചിട്ടുണ്ട്. ഇനി ഇത്തരത്തിലുള്ള ക്രൂരത നടത്താന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതികള്‍ക്ക് ഉചിതമായ ശിക്ഷ നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.