ഇടുക്കി: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ പോളിങ് ശതമാനം 76.3 ആയിരുന്നു. എന്നാൽ, ഇത്തവണ അത് 66.53 ആയി താഴ്‌ന്നു. പോളിങ് ശതമാനം കുറഞ്ഞെങ്കിലും ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ ഏകദേശം പത്ത് ശതമാനത്തോളമാണ് പോളിങ് കുറഞ്ഞത്.
ശക്തമായ പ്രചാരണം ഗുണം ചെയ്തുവെന്നും മുന്നണിയുടെ ശക്തി കേന്ദ്രങ്ങളിൽ പരമാവധി വോട്ടർമാരെ എത്തിക്കാൻ കഴിഞ്ഞെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു. എൽ.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ ഉടുമ്പൻചോലയിലും ദേവികുളത്തും പോളിങ് കൂടിയത് ഗുണം ചെയ്യുമെന്ന് ഇടതുമുന്നണിയുടെ പ്രതീക്ഷ.
മലയോര മേഖലകളിൽനിന്ന് വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോയവരുടെ എണ്ണത്തിലുണ്ടായ വർധനവ് ഇടുക്കിയിലെ പോളിങിനെ സാരമായി ബാധിച്ചുവെന്ന വിലയിരുത്തുന്നവരുണ്ട്. കാലാവസ്ഥാ മാറ്റവും പോളിങ് കുറയാന്‍ കാരണമായിരുന്നിരിക്കാം. പോളിങ് ശതമാനത്തിലെ കുറവ് വിജയം ഉറപ്പാക്കിയെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.