തിരുവനന്തപുരം: കൂടുതൽ ജാഗ്രത പാലിക്കേണ്ട പ്രസ്ഥാനമാണ് ഇടതുപക്ഷമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജന്റെ കൂടിക്കാഴ്ചയെ സംബന്ധിച്ച് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജാഗ്രത പാലിക്കാതിരുന്നാൽ പ്രസ്ഥാനത്തിന്റെ മുന്നേറ്റങ്ങളെയും താൽപര്യങ്ങളെയും മോശമായി ബാധിക്കും. ചീത്ത പണക്കാരും ചീത്ത പണവും എല്ലായിടത്തുമുള്ള കാലമാണ്. ദല്ലാളുമാർ പനപോലെ വളരുന്ന കാലമാണിത്. അത്തരം ആൾക്കാർക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജയരാജന്‍ എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന നിലപാടിലാണ് സി.പി.ഐ. ബി.ജെ.പിയുടെ കേരളത്തിലെ പ്രഭാരിയും ഇതര പാർട്ടിക്കാരെ ബി.ജെ.പിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനു നേതൃത്വം നൽകുകയും ചെയ്യുന്ന ജാവഡേക്കറെ ജയരാജൻ നേരിൽ കണ്ടതു തന്നെ തെറ്റാണെന്നും, അക്കാര്യം വോട്ടടുപ്പ് ദിവസം തന്നെ വെളിപ്പെടുത്തിയത് ഇടതു മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി.




















