ന്യൂഡൽഹി: സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റവും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും സംബന്ധിച്ച പരാതികളിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കൊൽക്കത്ത ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നൽകിയ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും .
ഇക്കഴിഞ്ഞ ഏപ്രിൽ 10-ലെ കൊൽക്കത്ത ഹൈകോടതിയുടെ ഉത്തരവ് പോലീസ് സേനയെ അടക്കം മുഴുവൻ സംസ്ഥാന സംവിധാനങ്ങളെയും നിരാശപ്പെടുത്തിയെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ സംസ്ഥാന സർക്കാർ പറയുന്നു.
സന്ദേശ്ഖാലിയിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഭൂമി തട്ടിയെടുക്കൽ തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കാനും അടുത്ത വാദം കേൾക്കുന്ന തീയതിയിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും ഹൈകോടതി സി.ബി.ഐയോട് നിർദ്ദേശിച്ചിട്ടുണ്ട്. മേയ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കുമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം റേഷൻ വിതരണ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിൻ്റെ വസതിയിൽ പരിശോധന നടത്താൻ എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ച സംഭവത്തിൽ സി.ബി.ഐ മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.