ന്യൂഡൽഹി: ബി.ജെ.പിയെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും വിമർശിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം തെരഞ്ഞെടുപ്പ് കമീഷൻ നിരോധനം ഏർപ്പെടുത്തിയതായി ആം ആദ്മി പാർട്ടി (എ.എ.പി). ഒരു പാർട്ടിയുടെ പ്രചാരണ ഗാനത്തിന് വിലക്ക് ഏർപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് എ.എ.പി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജയിലിന് മറുപടിയായി ഞങ്ങൾ വോട്ട് ചെയ്യും (ജയില്‍ കെ ജവാബ് മേം ഹം വോട്ട് ദേങ്കെ) എന്ന ഗാനമാണ് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയത്. ഭരണകക്ഷിയെയും അന്വേഷണ ഏജൻസികളെയും മോശമായി ചിത്രീകരിക്കുന്നു എന്ന് പറഞ്ഞാണിത്. എന്നാൽ, ഗാനത്തിൽ ബി.ജെ.പിയെ പരാമർശിക്കുന്നില്ലെന്നും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്നും അതിഷി വ്യക്തമാക്കി. വസ്തുതാപരമായ വിഡിയോകളും സംഭവങ്ങളുമാണ് ഉൾപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ബി.ജെ.പി സ്വേച്ഛാധിപത്യമാണ് ചെയ്യുന്നതെങ്കിൽ അത് ശരിയാണ്. എന്നാൽ, അതിനെക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റും. ജനാധിപത്യം അപകടത്തിലാണെന്നാണ് ഇത് കാണിക്കുന്നത്. ബി.ജെ.പി നടത്തിയ പെരുമാറ്റചട്ട ലംഘനങ്ങളിൽ നടപടിയെടുക്കാനും പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണങ്ങൾ അവസാനിപ്പിക്കാതിരിക്കാനും തെരഞ്ഞെടുപ്പ് കമീഷനേട് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു.
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള പ്രചാരണ ഗാനം രചിച്ച് ആലപിച്ചിരിക്കുന്നത് എ.എ.പി എം.എൽ.എ ദിലീപ് പാണ്ഡെയാണ്. വ്യാഴാഴ്ചയാണ് ഗാനം പുറത്തിറക്കിയത്.