ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം പ്രതിരോധിച്ചതിൻ്റെ പേരിലായിരുന്നു ദാരുണ കൊലപാതകം. ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള തർക്കം എന്ന നിലയിൽ ആദ്യം സംശയിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതി നാട്ടുകാരൻ തന്നെയെന്ന് പൊലീസ് കണ്ടെത്തിയത്. ഹരിപ്പാട് ഡാണാപ്പടിയിലെ ബാറിന് മുന്നിൽ കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് ബംഗാൾ മാൾഡ സ്വദേശി ഓംപ്രകാശ് കൊല്ലപ്പെട്ടത്.
ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെ ഉണ്ടായ കൊലപാതകം എന്നായിരുന്നു നാട്ടുകാരിൽ നിന്ന് പൊലീസിന് കിട്ടിയ ആദ്യ വിവരം. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാല് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം നിഷേധിച്ചു. മലയാളം പറയുന്ന ഒരാളാണ് ഓംപ്രകാശിനെ കുത്തിയത് എന്നും കസ്റ്റഡിയിൽ എടുത്തവർ മൊഴി നൽകി.
ഇതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. സിസിടിവി ദൃശ്യങ്ങൾ കിട്ടാത്തതും പൊലീസിനെ ബുദ്ധിമുട്ടിച്ചു. ഈ സമയം മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടു എന്ന് പരാതിയുമായി ഒരാൾ പൊലീസ് സ്റ്റേഷനിൽ എത്തി. ഈ ഫോണിന് ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനിടെ സ്ഥിരം കുറ്റവാളിയായ യദുകൃഷ്ണന്റെ പക്കൽ ആണ് ഫോൺ എന്ന് വ്യക്തമായി. കൊലപാതകം നടക്കുന്ന സമയത്ത് യദുകൃഷ്ണൻ ബാറിന്റെ പരിസരത്ത് ഉണ്ടായിരുന്ന സൂചനയും പോലീസിന് കിട്ടി. പല സംഘങ്ങളായി തിരിഞ്ഞ് യദുകൃഷ്ണനായി അന്വേഷണം നടത്തിയ പൊലീസ് ഹരിപ്പാട് കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തുനിന്നാണ് യദുവിനെ അറസ്റ്റ് ചെയ്തത്.
ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് യദുവിന്റെ പതിവ് രീതിയാണെന്ന് പൊലീസ് പറഞ്ഞു. സമാനമായ ഭീഷണിക്കൊടുവിലാണ് ഓംപ്രകാശിനെ യദു കൊന്നതെന്നും പൊലീസ് അറിയിച്ചു. കുറ്റകൃത്യം നടന്ന് രണ്ടുമണിക്കൂറിനുള്ളിൽ കേസിലെ യഥാർത്ഥ പ്രതിയെ കണ്ടെത്താൻ ഹരിപ്പാട് പൊലീസിന് കഴിഞ്ഞു. എന്നാൽ സ്ഥിരം കുറ്റവാളിയായ യദുകൃഷ്ണനെ പോലുള്ളവർ പിന്നെയും പിന്നെയും ജാമ്യത്തിലിറങ്ങി അക്രമം നടത്തുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മീൻ കച്ചവടം നടത്തി ഉപജീവനം നടത്തുന്നയാളാണ് കൊല്ലപ്പെട്ട ഓംപ്രകാശ്.