കൊച്ചി : കോവിഡ് ബാധിച്ചു വിദേശത്തു മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി എന്നിവയെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. കോവിഡ് മൂലം വിദേശത്തു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സംസ്ഥാന ദുരിതാശ്വാസ നിധിയില്‍നിന്നു നഷ്ടപരിഹാരം നല്‍കാന്‍ അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിന്റെ പകര്‍പ്പ് ഹാജരാക്കാനും ജസ്റ്റിസ് എന്‍.നഗരേഷ് നിര്‍ദേശം നല്‍കി. കോവിഡ് മൂലം വിദേശത്തു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നിഷേധിക്കുന്നെന്നു ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയിലാണു നിര്‍ദേശം.
ഇന്ത്യയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു മാത്രമാണു നഷ്ടപരിഹാരത്തിന് അര്‍ഹതയെന്നു വിശദീകരിച്ചാണ് അപേക്ഷകള്‍ തള്ളുന്നതെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള വിവേചനം മൗലികാവകാശത്തിന്റെ ലംഘനമാണ്. സര്‍ക്കാരിനു നിവേദനം നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും വിശദീകരിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനു 75%വും സംസ്ഥാനത്തിന് 25%വും പങ്കാളിത്തമുള്ള സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍നിന്നാണു പണം നല്‍കുന്നതെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു ഫണ്ട് വിതരണം.
ഹര്‍ജിയിലെ വിഷയം ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു ഡിസംബര്‍ 15നു കത്ത് അയച്ചിരുന്നു. എന്നാല്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണു കോടതി നിര്‍ദേശം നല്‍കിയത്. ഹര്‍ജി 24നു പരിഗണിക്കും.