ലണ്ടൻ: എങ്ങനെ പെട്ടെന്ന് കാമുകിയെ കൊല്ലാമെന്ന് ഗൂഗിളിൽ തിരഞ്ഞ് ഇന്ത്യക്കാരൻ. യുകെയിലാണ് ഇന്ത്യക്കാരനായ യുവാവ് കാമുകിയെ കത്തികൊണ്ട് കുത്തിക്കൊന്നത്. എന്നാൽ കാമുകിയെ ആക്രമിക്കുന്നതിന് മുമ്പ് കൊല്ലുന്ന രീതിയെ കുറിച്ച് ഇയാൾ ഗൂഗിളിൽ തിരഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ശ്രീറാം അംബർളയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലണ്ടൻ കോടതി പ്രതിയെ 16 വർഷത്തെ തടവിന് ശിക്ഷിച്ചു.
2022-ൽ ലണ്ടൻ റെസ്റ്റോറൻ്റിൽ വച്ചാണ് തൻ്റെ കാമുകിയെ ഹൈദരാബാദ് സ്വദേശിയായ ശ്രീറാം കൊന്നത്. ഒമ്പത് തവണയാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്. ഇതിന് മുമ്പ് യുവാവ് “കത്തികൊണ്ട് ഒരു മനുഷ്യനെ തൽക്ഷണം കൊല്ലാനുള്ള” വഴികൾ അന്വേഷിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. യുവാവിന്റെ ഗൂഗിൾ ഹിസ്റ്ററിയിലാണ് സംഭവം കണ്ടെത്തിയത്. ശ്രീറാം അംബർല എന്ന 25 കാരൻ തൻ്റെ കാമുകി സോന ബിജുവിനെ (23) അവൾ ജോലി ചെയ്തിരുന്ന റെസ്റ്റോറൻ്റിൽ വച്ചായിരുന്നു ആക്രമിച്ചത്. സോന വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അംബർള കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലണ്ടൻ കോടതി പ്രതിയെ 16 വർഷം തടവിന് ശിക്ഷിച്ചു. “ഒരു വിദേശി യുകെയിൽ ഒരാളെ കൊലപ്പെടുത്തിയാൽ എന്ത് സംഭവിക്കും”, “കത്തികൊണ്ട് ഒരാളെ കൊല്ലുന്നത് എത്ര എളുപ്പമാണ്”, “എങ്ങനെ കൊല്ലാം” എന്നിങ്ങനെ യുവാവ് ഓൺലൈനിൽ തിരഞ്ഞതായി പൊലീസ് കോടതിയിൽ അറിയിച്ചു.
2017-ൽ ഹൈദരാബാദ് കോളേജിൽ വച്ച് കണ്ടുമുട്ടിയതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്. വർഷങ്ങളോളം ഇയാൾ പെൺകുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറുന്നത്. തുടർന്നാണ് 2022 ലെ ആക്രമണം ഉണ്ടായത്.