തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കിട്ടി. അഴിമുഖത്തുണ്ടായ അപകടത്തിൽ ഒരാളെ കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് പുതുക്കുറിച്ചി സ്വദേശി ജോണി (50)ന്റെ മൃതദേഹം കണ്ടെത്തിയത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു. അഞ്ച് പേര് നീന്തി രക്ഷപ്പെടുകയും ചെയ്തു. ഒരിടവേളയ്ക്ക് ശേഷമാണ് മുതലപ്പൊഴിയിൽ വീണ്ടും അപകടമുണ്ടാവുന്നത്. നേരത്തെ സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങൾ നിലനിന്നിരുന്നു.