തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായാണ് അറിവെന്നും അതിനാൽ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും അധികൃതർ പറയുന്നു. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയും. അതിനാൽ ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.