തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി. തിങ്കളാഴ്ച പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മേയ് മൂന്നുവരെ പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും മലപ്പുറം, എറണാകുളം, കാസർകോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഏപ്രിൽ 29 മുതൽ മേയ് 3 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.
ഉഷ്ണതരംഗം നിലനിൽക്കുന്ന സാഹചര്യത്തിൽ പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചത് മേയ് 15 വരെ നീട്ടിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുമണിവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.
ഉഷ്ണ തരംഗത്തിന്റെ സാഹചര്യത്തിൽ പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശിക്കണമെന്ന് പാലക്കാട് ജില്ല കലക്ടറോട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മെയ് രണ്ടു വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിർദേശം നൽകിയത്. അഡീഷനൽ ക്ലാസുകൾ പാടില്ല. കോളജുകളിലും ക്ലാസുകൾ പാടില്ല.സമ്മർ ക്യാമ്പുകളും നിർത്തിവെക്കണം. ഇത് പ്രകാരം പ്രഫഷനൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര ഉത്തരവിട്ടു. ഗർഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാർഡുകളിൽ ചൂട് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കൂടുതലായി ഒരുക്കാനും സാമനമായ നിലയിൽ വയോജന കേന്ദ്രങ്ങളിലും ചൂട് കുറയ്ക്കാനും ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയൊട്ടാകെ തണ്ണീർ പന്തലുകൾ ഒരുക്കണമെന്നും പകൽ 11 മുതൽ മൂന്ന് വരെ എല്ലാ പുറംവിനോദങ്ങളും ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.