തിരുവനന്തപുരം: സ്വകാര്യ വാഹനത്തിന് സൈഡ് നൽകാതിരുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനെ പ്രതിരോധത്തിലാക്കി സി.സി.ടി.വി ദൃശ്യങ്ങൾ. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞിട്ടില്ലെന്നായിരുന്നു ആര്യയുടെ വാദം. എന്നാൽ ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സീബ്രലൈനിൽ കാർ നിർത്തിയാണ് മേയറും സംഘവും കാർ തടഞ്ഞതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലെ റെഡ് സിഗ്നലിലാണ് കാർ നിർത്തിയതെന്നും അതിനു ശേഷം കാറിൽ നിന്നിറങ്ങി ഡ്രൈവറോട് സംസാരിച്ചുവെന്നുമാണ് ആര്യ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ബസിന്റെ ഇടതുവശത്ത് കൂടി ഓവർ ടേക്ക് ചെയ് സീബ്ര ക്രോസിങ്ങിൽ കൂടിയാണ് കാർ ബസിന് കുറുകെ നിർത്തിയത്. ഇത് ഗതാഗത ലംഘനമാണ്. സംഭവം നടക്കുമ്പോൾ മറ്റ് വാഹനങ്ങൾ കടന്നുപോകുന്നത് സി.സി.ടി.വിയിൽ കാണാം. അതിനാൽ റെഡ് സിഗ്നൽ സമയത്താണ് വണ്ടി കുറുകെയിട്ടത് എന്ന വാദത്തിനും പ്രസക്തിയില്ല.
ബസ് തടയുന്നതിന് വേണ്ടി കാർ മനപൂർവും മുന്നിൽ കൊണ്ടിടുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതോടെ തന്റെ സർവീസ് മുടക്കിയെന്ന ഡ്രൈവർ യദുവിന്റെ പരാതി നിലനിൽക്കും. കെ.എസ്.ആർ.ടി.സി നിയമമനുസരിച്ച് ട്രിപ്പ് മുടക്കിയാൽ നഷ്ടപരിഹാരം ഉൾപ്പെടെ കെട്ടിവെക്കണം.
ഡ്രൈവർ ലഹരി ഉപയോഗിച്ചെന്നും അസഭ്യമായി ലൈംഗിക ചുവയോട് കൂടി ആംഗ്യം കാണിച്ചെന്നും മേയർ ആരോപിച്ചിരുന്നു. ഡ്രൈവർക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ടെന്നും ആര്യ ആരോപിച്ചു. എന്നാൽ മെഡിക്കൽ പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയില്ല. വിഷയത്തിൽ ബസിലെ യാത്രക്കാരും ഡ്രൈവർക്ക് അനുകൂലമായാണ് മൊഴി നൽകിയത്.
മേയറുടെ ആരോപണങ്ങൾ ഡ്രൈവർ തള്ളിയിരുന്നു. മേയർ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താൻ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല. ലഹരിപദാർത്ഥം ഉപയോഗിച്ചില്ലെന്നും മേയറും ഭർത്താവും മോശമായി പെരുമാറിയെന്നും ഡ്രൈവർ ആരോപിച്ചു.
ബസ്ഡ്രൈവർക്കെതിരെ മേയറുടെ പരാതിയിൽ കേസെടുത്തെങ്കിലും സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ ജാമ്യം ലഭിച്ചു. മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ഡി.ടി.ഒക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാനും നിർദേശിച്ചു.
മേയർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് നടുറോഡിലെ വാക്കേറ്റത്തിൽ കലാശിച്ചത്. മേയർക്കൊപ്പം ഭർത്താവ് സച്ചിൻദേവും ഒപ്പമുണ്ടായിരുന്നു.