തിരുവനന്തപുരം > കെഎസ്‌ആർടിസി ഡ്രൈവറുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതിനാലാണ് പ്രതികരിച്ചതെന്ന് ആവർത്തിച്ച് മേയർ ആര്യ രാജേന്ദ്രൻ. സംഭവത്തിൽ പൊലീസിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയർ. ശനി രാത്രിയാണ് മേയർക്കും സഹോദര ഭാര്യക്കുംനേരെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ താൽക്കാലിക ഡ്രൈവറും ബിഎംഎസ് പ്രവർത്തകനുമായ എച്ച് യദു അശ്ലീല ആംഗ്യം കാണിച്ചത്.
‘‘ഇത് ഏതെങ്കിലും തരത്തിൽ വാഹനത്തിന് സൈഡ് തരാത്ത വിഷയമല്ല, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമമാണ്. സമൂഹത്തിൽ സ്ത്രീകൾക്ക് ഇറങ്ങിനടക്കാൻ വേണ്ടിയാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പ്രതികരിച്ചത്. ഡ്രൈവർ ബോധത്തോടെയല്ല സംസാരിച്ചത്. ഇതിനുമുമ്പുണ്ടായിട്ടുള്ള കേസുകളിലൊന്നും മാധ്യമങ്ങൾ കെഎസ്ആർടിസി ഡ്രൈവർമാരുടെ ഭാഗം കേട്ടിട്ടില്ല. അപ്പുറത്ത് രണ്ട് ജനപ്രതിനിധികൾ ആയതുകൊണ്ട് ബോധപൂർവം കരിവാരി തേയ്‌ക്കുകയാണ് – മേയർ പറഞ്ഞു.
ശനി രാത്രി പത്തോടെ പ്ലാമൂട് ഭാഗത്തുനിന്ന് വരുമ്പോൾ ഇടതുവശത്ത് ഒരു കെഎസ്ആർടിസി ബസ് തട്ടാൻ വരുന്നതാണ് ആദ്യം ശ്രദ്ധിക്കുന്നത്. തുടർന്ന് പിന്നിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോൾ കെഎസ്ആർടിസി ഡ്രൈവർ ലൈംഗിക ചുവയോടെ ഒരു ആക്ഷൻ കാണിച്ചു. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി വലിയ അസ്വസ്ഥതയുണ്ടാക്കി. ബസ് സാഫല്യം കോംപ്ലക്സിനു മുന്നിലെത്തിയപ്പോൾ വാഹനം നിർത്തി ഡ്രൈവറോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ തങ്ങൾക്ക് നേരെ ദേഷ്യപ്പെടുകയായിരുന്നു. ലൈംഗിക ചുവയോടെ ഇങ്ങനെ എന്തിനാണ് സംസാരിച്ചതെന്നു ചോദിച്ചപ്പോൾ മറ്റുപലതുമാണ് പറഞ്ഞത്. ലഹരി പദാർഥം ഉപയോഗിച്ച ശേഷം ഞങ്ങളുടെ സൈഡിലേക്ക് അത് വലിച്ചെറിയുകയും ചെയ്തെന്ന് മേയർ പറഞ്ഞു.
മേയർ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്‌ത്രീകൾക്കെതിരായ ലൈംഗികാധിക്ഷേപത്തിന് കേസെടുത്തിരുന്നു. മേയർ ഗതാഗത മന്ത്രിയെ അറിയിച്ച പ്രകാരം കെഎസ്ആർടിസി വിജിലൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു.