മുംബൈ: യുവതിയെ കൊന്ന് പുറത്ത് തള്ളിയ ഡ്രൈവർ അറസ്റ്റിൽ. മുംബൈയിലെ നാഗ്‌പാഡ മേഖലയിലാണ് ടാക്‌സി ഡ്രൈവറായ നിസാം ഖാൻ യുവതിയെ കൊലപ്പെടുത്തി മൃതദേഹം അരുവിക്കരികിൽ തള്ളിയത്. നിസാം ഖാൻ യുവതിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു.
ഏപ്രിൽ 25ന് റായ്ഗഡ് ജില്ലയിലെ ഉറാൻ പ്രദേശത്താണ് പൂനം ക്ഷീർസാഗറിൻ്റെ (27) മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മാൻഖുർദിലെ സ്വദേശിയായ യുവതി മുംബൈയിലെ നാഗ്പാഡയിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു. ഏപ്രിൽ 18ന് രാവിലെ ജോലിസ്ഥലത്തേക്ക് പോയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ല. രക്ഷിതാക്കൾ തൊഴിലുടമയോട് വിവരം തിരക്കിയപ്പോൾ വൈകുന്നേരത്തോടെ സ്ഥലം തിരിച്ചുപോന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പൂനത്തിൻ്റെ കുടുംബം മൻഖുർദ് പോലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന പരാതി നൽകുകയായിരുന്നു.
പിന്നീട് നടത്തിയ തിരച്ചിലിലാണ് ഏപ്രിൽ 25ന് ഉറാൻ തീരപ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശരീരം പൂർണമായും ജീർണിച്ച നിലയിലായിരുന്നു. വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ, മാൻഖുർദ് പൊലീസ് പൂനത്തിൻ്റെ കുടുംബത്തെ സമീപിക്കുകയും കുടുംബം യുവതിയുടെ ആഭരണങ്ങളും വസ്ത്രവും തിരിച്ചറിയുകയായിരുന്നു. കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. അന്വേഷണത്തിൽ, നാഗ്‌പാഡ നിവാസിയായ നിസാം ഖാൻ എന്നയാൾക്ക് പൂനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഏപ്രിൽ 18ന് താനും പൂനവും ഖദവ്‌ലിയിലേക്ക് പോയെന്നും അവിടെ വെച്ച് അവർ മുങ്ങിമരിച്ചുവെന്നും നിസാം പോലീസിനോട് പറഞ്ഞു. പൂനത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി നിസാം പറഞ്ഞു. പരിഭ്രാന്തിയിലായ യുവതിയുടെ മൃതദേഹം ഉറാനിൽ തള്ളുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ ചോദ്യം ചെയ്യലിൽ പൂനത്തെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് നിസാം സമ്മതിച്ചു. പൂനത്തിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും തങ്ങൾ തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് പൂനത്തെ കൊലപ്പെടുത്തിയെന്നും പ്രതി പറയുകയായിരുന്നു.