ദില്ലി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി നാളെ ദില്ലി പൊലീസിന് മുൻപാകെ ഹാജരായേക്കില്ലെന്ന് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടി സമൻസിന് മറുപടി നൽകാനാണ് തീരുമാനം. ഇക്കാര്യത്തിൽ കോൺഗ്രസ് നിയമോപദേശം തേടിയിരിക്കുകയാണ്. അതിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ദില്ലി പൊലീസ് രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള ഓഫീസിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയത്. രേവന്ത് റെഡ്ഡി ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ട് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
അതേസമയം, ബിജെപിക്കെതിരെ ആഞ്ഞടിച്ച് രേവന്ത് റെഡ്ഡി രംഗത്തെത്തി. ദില്ലി പൊലീസിനെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ഇഡിക്കും ഐടിക്കും ശേഷം ദില്ലി പൊലീസിനെയും കളിപ്പാവയായി ഉപയോഗിക്കുകയാണ് ബിജെപി എന്നും രേവന്ത് റെഡ്ഡി രൂക്ഷഭാഷയിൽ വിമർശിച്ചു. എന്ത് വന്നാലും ഭയപ്പെടില്ലെന്നും തെലങ്കാനയിൽ മോദിയെയും അമിത് ഷായെയും കോൺഗ്രസ് തറ പറ്റിക്കുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.