ഗസ്സ: യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ക്കും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിക്കാന്‍ ഒരുങ്ങി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി). ഹേഗ് ആസ്ഥാനമായുള്ള കോടതി ഈ ആഴ്ച തന്നെ വാറന്റ് പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വാറന്റ് തടയാന്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇസ്രയേല്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഇസ്രായേലി ഉദ്യോഗസ്ഥർ ആശങ്കാകുലരാണെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അമേരിക്കയും ഐ.സി.സി.യെ തടയാനുള്ള നയതന്ത്ര ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
പലസ്തീനിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഒരു സ്വതന്ത്ര അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാല്‍ അറസ്റ്റിനെ സംബന്ധിച്ച് ഈ ഘട്ടത്തില്‍ കൂടുതല്‍ അഭിപ്രായം പറയാനില്ലെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പറഞ്ഞു. 2014ലെ ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിലെ യുദ്ധകുറ്റങ്ങളെക്കുറിച്ച് മൂന്ന് വര്‍ഷം മുമ്പാണ് കോടതി അന്വേഷണം ആരംഭിച്ചത്. കോടതി നടപടി എടുക്കുകയാണെങ്കില്‍ കടുത്ത തിരിച്ചടിക്ക് തയാറാകണമെന്ന് നിര്‍ദേശം നല്‍കികൊണ്ട് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വിദേശത്തുള്ള രാജ്യത്തിന്റെ എംബസികള്‍ക്ക് ഞായറാഴ്ച രാത്രി സന്ദേശം അയച്ചിരുന്നു. തനിക്കും മറ്റ് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന ആശങ്കയിലും സമ്മർദത്തിലുമാണ് പ്രധാനമന്ത്രി നെതന്യാഹു എന്ന് ഇസ്രായേൽ സർക്കാർ അറിയിച്ചു.
അതിനിടെ വെടി നിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് യു.എസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച ഹമാസുമായി ചര്‍ച്ച നടത്തി. ഇസ്രയേലിന്റെ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും ബന്ദികളെ മോചിപ്പിക്കാനുമാണ് ഹമാസിനോട് അദ്ദേഹം ആവശ്യപ്പെട്ടത്.