ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തരകാശിയില്‍ നിന്ന് 39 കിലോമീറ്റര്‍ കിഴക്ക് തെഹ്രി ഗര്‍വാള്‍ മേഖലയില്‍ പുലര്‍ച്ചെ 5.03 ഓടെയാണ് ഭൂചലനം ഉണ്ടായത്. 28 കിലോമീറ്റര്‍ ആഴത്തില്‍ 30.72 അക്ഷാംശത്തിലും 78.85 രേഖാംശത്തിലുമാണ് ഭൂചലനം രൂപം കൊണ്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. അഫ്ഗാനിസ്ഥാന്‍- താജിക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്ത് കഴിഞ്ഞ ആഴ്ച ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെ രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും കശ്മീരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.