ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ അമേത്തി, റായ്ബറേലി സീറ്റുകളിൽ സ്ഥാനാർഥിയാരാണെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ്. പാർട്ടി വക്താവ് ജയ്റാം രമേശാണ് ഇക്കാര്യം അറിയിച്ചത്. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ജയ്റാം രമേശ് ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമിറ്റി സ്ഥാനാർഥികളെ തീരുമാനിക്കാൻ ഖാർഗെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയാരാണെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ജയ്റാം രമേശ് അറിയിച്ചു. കോൺഗ്രസിന്റെ സെൻട്രൽ ഇലക്ഷൻ കമിറ്റി ഏപ്രിൽ 27നാണ് യോഗം ചേർന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാനാർഥികളാകണമെന്ന നിർദേശം കമിറ്റി മുന്നോട്ടുവെച്ചുവെന്നാണ് സൂചന.
തുടർന്ന് സ്ഥാനാർഥിയെ നിശ്ചയിക്കാൻ പാർട്ടി അധ്യക്ഷനോട് നിർദേശിച്ചു. അതേസമയം, കുടുംബത്തിൽ നിന്നുള്ളവർ അമേത്തിയിലും റായ്ബറേലിയിലും സ്ഥാനാർഥിയാകുന്നതിനെ രാഹുൽ ഗാന്ധി അനുകൂലിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. റായ്ബറേലിയിൽ സ്ഥാനാർഥിയാവാനില്ലെന്ന കാര്യം പ്രിയങ്ക പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന.
അമേത്തിയിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയാണ് മത്സരിച്ചത്. എന്നാൽ, ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധി തോൽക്കുകയായിരുന്നു. റായ്ബറേലിയിൽ മത്സരിച്ച സോണിയ ഗാന്ധി തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.