ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഗാന്ധി കുടുംബത്തിന് വേണ്ടി നുണകൾ പറയരുതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ ഖാർഗെയെ ഗാന്ധി കുടുംബം ബലിയാടാക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മല്ലികാർജുൻ ഖാർഗെ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അമിത് ഷാ.
മോദി അധികാരത്തിലെത്തിയാൽ പാവങ്ങളുടെ ജീവിതം തകരുമെന്ന് ഖാർഗെ പറഞ്ഞു. മോദിയുടെ ഭരണം കൊണ്ട് ദാരിദ്രത്തിൽ നിന്നും മോചിതരായ 25 കോടി ജനങ്ങൾക്ക് ഗുണമുണ്ടായില്ലേ. സൗജന്യ റേഷൻ ലഭിക്കുന്ന 80 കോടി പേർക്കും 12 കോടി ടോയ്ലെറ്റുകൾ ലഭിച്ചവർക്കും സൗജന്യ സിലിണ്ടറും കുടിവെള്ള കണക്ഷനും ലഭിച്ച അമ്മമാർക്കും മോദിയുടെ ഭരണം കൊണ്ട് ഗുണമുണ്ടായില്ലേയെന്നും അമിത് ഷാ ചോദിച്ചു.
എന്തിനാണ് ഗാന്ധി കുടുംബത്തിന് വേണ്ടി കോൺഗ്രസ് പ്രസിഡന്റ് നുണ പറയുന്നത്. ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും സുരക്ഷിതരായിരിക്കും. 80കാരനായ ഖാർഗെയെ അവർ ബലിയാടാക്കുമെന്നും അമിത് ഷാ പറഞ്ഞു.