ദുബൈ: യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കി. മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണണെന്നാണ് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്. ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നേരത്തെ സ്വകാര്യ വാഹനങ്ങളിലായാലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണെങ്കിലും അൽപം നേരത്തെ ഇറങ്ങണമെന്നും വഴിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ കൂടി കണക്കിലെടുത്ത് അധിക സമയം കാണണമെന്നും അറിയിപ്പിലുണ്ട്.
“മോശം കലാവസ്ഥ സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുള്ളതുകൊണ്ട് തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴിയും ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) വഴിയും യാത്ര ചെയ്യുന്ന അതിഥികൾ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഗതാഗക്കുരുക്ക് പോലുള്ള കാര്യങ്ങൾ മനസിലാക്കാൻ തത്സമയ ട്രാഫിക് വിവരങ്ങൾ നൽകുന്ന സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കാം. ഒന്നും മൂന്നും ടെർമിനലുകളിലേക്ക് വരുന്നവർക്ക് ദുബൈ മെട്രോ ഉപയോഗിക്കുകയും ചെയ്യാം” – ദുബൈ എയർപോർട്ട്സ് വക്താവ് അറിയിച്ചു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാവുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.
എമിറേറ്റ്സ്, ഇത്തിഹാദ് ഉൾപ്പെടെയുള്ള വിമാന കമ്പനികളും സമാനമായ നിർദേശം ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം മുതൽ രണ്ട് ദിവസത്തേക്കാണ് യുഎഇയിൽ കനത്ത മഴ പ്രവചിക്കുന്ന ഇപ്പോഴത്തെ കാലാവസ്ഥാ മുന്നറിയിപ്പ്. സ്വകാര്യ മേഖലയിൽ നേരിട്ട് ജോലി സ്ഥലങ്ങളിൽ എത്തേണ്ടത് അത്യാവശ്യമല്ലാത്ത ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് രാജ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഷാർജ, ദുബൈ എമിറേറ്റുകളിൽ സ്കൂളുകളിൽ വിദൂര പഠന രീതി സ്വീകരിക്കും.