തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കേന്ദ്രങ്ങള്‍ ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ നടപ്പാക്കാനിരുന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പായില്ല. ഡ്രൈവിങ് ടെസ്റ്റ് സ്കൂളുകള്‍ ബഹിഷ്കരിച്ചതോടെ എവിടെയും ടെസ്റ്റ് നടന്നില്ല. പലയിടത്തും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ ടെസ്റ്റ് നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം, പ്രതിഷേധം കണ്ട് പിന്‍വാങ്ങില്ലെന്നും പരിഷ്കരണവുമായി മുന്നോട്ടുപോകുമെന്നുമാണ് മന്ത്രി കെബി ഗണേഷ്കുമാറിന്റെ പ്രതികരണം. പലയിടത്തും ഗ്രൗണ്ട് അടച്ചുകെട്ടിയ ഡ്രൈവിങ് സ്കൂൾ ഉടമകൾ വാഹനങ്ങൾ കടത്തിവിട്ടില്ല. അപ്രായോഗിക നിർദേശമെന്നും നടപ്പാക്കാനാകില്ലെന്നുമാണ് ഡ്രൈവിങ് സ്കൂളുകാരുടെ നിലപാട്. പ്രതിഷേധത്തെ തുടർന്ന് പലയിടത്തും ടെസ്റ്റ് നടത്താനാകാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തിരികെ പോയി. പലയിടത്തും മന്ത്രിയുടെ അപ്രായോഗിക നിര്‍ദേശങ്ങള്‍ക്കെതിരെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. മന്ത്രി കെബി ഗണേഷ്കുമാറിനെതിരെയും തുറന്നടിച്ചു. വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമരസമിതിയുടെ ആവശ്യം.