ന്യൂഡൽഹി: ഡൽഹി വനിത കമീഷനിലെ 233 ജീവനക്കാരെ പുറത്താക്കി ലഫ്റ്റനന്റ് ഗവർണർ. ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുടെ അനുമതിയോടെ വനിത-ശിശു വികസന വകുപ്പാണ് നടപടിയെടുത്തത്. ലഫ്റ്റനന്റ് ഗവർണർക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വനിത കമീഷൻ അധ്യക്ഷയായ സ്വാതി മാലിവാൾ ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ജീവനക്കാരെ നിയമിച്ചതെന്ന് പറയുന്ന റിപ്പോർട്ടാണ് ലഫ്റ്റനന്റ് ഗവർണർക്ക് ലഭിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 40 പോസ്റ്റുകൾക്ക് മാത്രമാണ് നിയമപ്രകാരം അനുമതിയുണ്ടായിരുന്നതെന്നും അധിക അംഗങ്ങളെ കമീഷൻ നിയമിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
കരാർ അടിസ്ഥാനത്തിൽ അംഗങ്ങളെ നിയമിക്കാൻ വനിത കമീഷന് അധികാരമില്ല. ഒരുവിധ പഠനവും നടത്താതെയാണ് വനിത കമീഷൻ അംഗങ്ങളെ നിയമിച്ചതെന്നും ലഫ്റ്റനന്റ് ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിയമനത്തിന് ഡൽഹി സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങിയില്ലെന്നും ഇവർക്ക് ചുമതലകൾ നൽകിയില്ലെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.