കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എക്‌സൈസ് സംഘത്തിന്റെ വന്‍ മയക്കുമരുന്ന് വേട്ട. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ അഞ്ചോടെ നടത്തിയ അന്വേഷണത്തില്‍ താമരശ്ശേരി, പുതുപ്പാടി സ്വദേശികളെ എം ഡി എം എയുമായി പിടികൂടുകയായിരുന്നു. മണാശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 616.5 ഗ്രാം എം ഡി എം എയുമായി താമരശ്ശേരി തച്ചംപൊയില്‍ വെളുപ്പാന്‍ചാലില്‍ മുബഷീര്‍ (24), പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ ആഷിഖ് (34) എന്നിവരെ പിടികൂടുയത്.
മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കെ എല്‍ 57 യു 3650 നമ്പര്‍ സ്‌കൂട്ടറും 72500 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടാളികളായ താമരശ്ശേരി ചുടലമുക്ക് അരേറ്റക്കുന്നുമ്മല്‍ ഹബീബ് റഹ്‌മാന്‍(23), എളേറ്റില്‍വട്ടോളി കരിമ്പാപ്പൊയില്‍ ഫായിസ് മുഹമ്മദ്(27), ചേളന്നൂര്‍ പള്ളിയാറപ്പൊയില്‍ ജാഫര്‍ സാദിഖ്(28) എന്നിവര്‍ പിടിയിലായത്. മണാശ്ശേരിയിലെ വാടക റൂമില്‍ വെച്ചാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 43 ഗ്രാം എം ഡി എം എയും 12500 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍, എക്‌സൈസ് കമ്മീഷണറുടെ കീഴിലുള്ള സ്‌ക്വാഡ് അംഗം ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.