ദില്ലി: ദില്ലിയിലെ സ്കൂളുകളിൽ വീണ്ടും വ്യാജബോംബ് ഭീഷണി. ദില്ലി പൊലീസ് കമ്മീഷണർക്കാണ് സന്ദേശം കിട്ടിയത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കുട്ടിക്ക് കൗൺസിലിംഗ് നൽകി വിട്ടയച്ചു. കഴിഞ്ഞ ദിവസങ്ങളിലും ദില്ലിയിലെ സ്കൂളുകളിലേത്ത് ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. വാർത്ത വൻ ആശങ്കക്ക് ഇടയാക്കിയിരുന്നു.
രാജ്യ തലസ്ഥാന മേഖലയിലെ നൂറിലേറെ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം കിട്ടിയത്. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നും വ്യാജ സന്ദേശം അയച്ചതാരെന്ന് അന്വേഷണം തുടങ്ങിയെന്നും ദില്ലി പൊലീസ് അറിയിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയിൽ വ്യാജ സന്ദേശമെന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് ദില്ലിയിൽ പരിഭ്രാന്തി പടർത്തി സ്വകാര്യ സ്കൂളുകളിൽ ബോംബ് വച്ചതായുള്ള ഇമെയിൽ സന്ദേശം എത്തുന്നത്.
ദില്ലിയിലും അടുത്തുളള നോയിഡ, ഫരീദബാദ് എന്നിവിടങ്ങളിലെയും സ്കൂളുകളിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. സ്കൂകളിൽ എത്തിയ വിദ്യാർഥികളെ തിരികെ അയച്ചാണ് പൊലീസെത്തി പരിശോധന നടത്തിയത്. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ദില്ലി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നീ സ്കൂളുകളിലാണ് പരിശോധന നടത്തിയത്. സംഭവം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.