റിയോ: ബ്രസീലിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. പ്രളയം പൊതു ദുരന്തം ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീൽ സർക്കാർ. പ്രളയത്തിൽ നിരവധിപ്പേരെ കാണാതാവുകയും 5,257 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെരും മഴയ്ക്ക് പിന്നാലെ തെക്കൻ ബ്രസീലിലെ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് തകർന്നതും മരണ സംഖ്യ ഉയർത്തുന്നതിന് കാരണമായിട്ടുണ്ട്. അണക്കെട്ട് തകർന്നതിന് പിന്നാലെ റിയോ ഗ്രാൻഡേ ഡൂ സുളിൽ മാത്രം 60 പേരെ കാണാതായതാണ് അധികൃതർ വിശദമാക്കുന്നത്.
അഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് ശുദ്ധ ജലവും വൈദ്യുതിയും ലഭിക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. കനത്ത മഴയ്ക്ക് പിന്നാലെ വെള്ളം കയറിയ മേഖലയിലേക്കാണ് ആറര അടി ഉയരമുള്ള ചെറു അണക്കെട്ട് തകർന്ന് ജലം കുതിച്ചെത്തിയത്. സാധാരണയിൽ അധികം ചൂടും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ശക്തമായ കാറ്റുമാണ് രൂക്ഷമായ മഴയിലേക്ക് ബ്രസീലിനെ എത്തിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്.
ഒരു ഡസനിലേറെ മുൻസിപ്പാലിറ്റികളിൽ നിന്നാണ് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നതെന്നാണ് ഗവർണർ എഡ്യുറാദോ ലേയ്റ്റ് വിശദമാക്കിയത്. കാണാതായ ആളുകളെ കണ്ടെത്താനായി ഹെലികോപ്ടറുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. എന്നാൽ പ്രളയം അതിരൂക്ഷമായ ചില മേഖലകളിൽ ഹെലികോപ്ടർ ഉപയോഗിച്ചുള്ള തെരച്ചിലും പ്രായോഗികമല്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടുള്ളത്. അതേസമയം ബ്രസീൽ പ്രസിഡൻ്റ് ലുല ഡ സിൽവ പ്രളയ ബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയിരുന്നു.