ന്യൂഡൽഹി: ഏറെ ആലോചനകൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിയെ റായ്ബറേലിയിൽ നിന്ന് മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്നും മണ്ഡലം ഒരു പാരമ്പര്യം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണെന്നും കോൺഗ്രസ്. ഇതൊരു നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയാണെന്നും ഇനിയും ചില കരുനീക്കങ്ങൾ ബാക്കിയുണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
“രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുമെന്ന വാർത്തയെക്കുറിച്ച് പലരും വ്യത്യസ്ത അഭിപ്രായങ്ങളാണ് നൽകിയത്. എന്നാൽ അദ്ദേഹം രാഷ്ട്രീയത്തിലും ചെസ്സിലും പരിചയസമ്പന്നനാണ്. തന്റെ നീക്കങ്ങൾ ശ്രദ്ധാപൂർവ്വമാണ് നടത്തുന്നത്. പാർട്ടി നേതൃത്വം ഒരുപാട് ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്” -ജയ്റാം രമേശ് പറഞ്ഞു പറഞ്ഞു.രാഹുലിനെ മത്സരിപ്പിക്കാനുള്ള തീരുമാനം ബി.ജെ.പിയെയും അനുഭാവികളെയും തകർത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.’പരമ്പരാഗത സീറ്റുകളെകുറിച്ച്’ സംസാരിച്ചിരുന്ന ‘സ്വയം പ്രഖ്യാപിത ചാണക്യൻ’ ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
റായ്ബറേലി സോണിയാ ഗാന്ധിയുടെ സീറ്റ് മാത്രമല്ല, ഇന്ദിരാഗാന്ധിയുടെ സീറ്റും ആണെന്ന് കോൺഗ്രസ് നേതാവ് ഓർമിപ്പിച്ചു. ഇതൊരു പാരമ്പര്യമല്ലെന്നും ഉത്തരവാദിത്തവും കടമയുമാണെന്നും ജയ്റാം രമേശ് ഉറപ്പിച്ചു പറഞ്ഞു.
അമേത്തി-റായ്ബറേലി സീറ്റുകൾ മാത്രമല്ല, രാജ്യം മുഴുവൻ ഗാന്ധി കുടുംബത്തിന്റെ കോട്ടയാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഉത്തർപ്രദേശിൽ നിന്ന് മൂന്ന് തവണയും കേരളത്തിൽ നിന്ന് ഒരു തവണയും എംപിയായി. എന്നാൽ വിന്ധ്യാചലിന് താഴെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം സംഭരിക്കാൻ എന്തുകൊണ്ട് മോദിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിക്കെതിരെ അമേത്തിയിൽ മത്സരിക്കുന്നു എന്നത് മാത്രമാണ് സ്മൃതി ഇറാനിയുടെ ഏക ഐഡെന്റിറ്റിയെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.