ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ രാഹുൽ മത്സരിക്കുമോ എന്ന അഭ്യൂഹത്തിന് വിരാമമായി. വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും ഒപ്പമാണ് രാഹുൽ പത്രിക സമർപ്പിക്കാൻ എത്തിയത്.
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ, 191 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. ആദ്യഘട്ടത്തിൽ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 26നായിരുന്നു രണ്ടാംഘട്ടം. മൂന്നാംഘട്ടം മേയ് ഏഴിനു നടക്കും. മേയ് 20നാണ് റായ്ബറേലിയിലും അമേത്തിയിലും വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
റായ്ബറേലിയിൽ ബി.ജെ.പി സ്ഥാനാർഥി ദിനേഷ് പ്രതാപ് സിങ് രാഹുലിനെ വലിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ സോണിയ റായ്ബറേലിയിലെ മണ്ഡലത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും അതറിഞ്ഞായിരിക്കും ആളുകൾ വോട്ട് ചെയ്യുകയെന്നും ദിനേഷ് പ്രതാപ് സിങ് അവകാശപ്പെട്ടു. രാഹുലിന് റായ്ബറേലി നൽകിയ കോൺഗ്രസ് അമേത്തി കിഷോരി ലാൽ ശർമക്ക് നൽകുകയായിരുന്നു.