മണിപ്പൂർ : ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖബീസോയിൽ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) അനുഭാവിയുടെ വസതിക്ക് നേരെ അജ്ഞാതരുടെ ഗ്രനേഡ് ആക്രമണം. ഖുറൈ മണ്ഡലത്തിൽ നിന്നുള്ള എംഡി ഫക്രുദ്ദീന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നിരോധിത വിമത ഗ്രൂപ്പുകൾ ഭരണകക്ഷിയായ ബിജെപിക്ക് വേണ്ടി പരസ്യമായി പ്രചാരണം നടത്തുന്നുണ്ടെന്ന് എൻപിപി ആരോപിച്ചിരുന്നു. സർക്കാരിന്റെ സഖ്യകക്ഷിയായ എൻപിപി തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് മതിയായ സുരക്ഷ നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ തീവ്രവാദി സംഘടനയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നും പാർട്ടി അധികാരികളോട് അഭ്യർത്ഥിച്ചു.
അതേസമയം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് തീയതികകൾ മാറ്റിയിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28നും രണ്ടാം ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് അഞ്ചിനുമാണ് നടക്കുക. ഫെബ്രുവരി 27നും മാര്‍ച്ച് 3നുമാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. ആദ്യ ഘട്ടമായ ഫെബ്രുവരി 27 ന് വോട്ടിംഗ് തീയതികള്‍ പുനഃപരിശോധിക്കണമെന്ന് നിരവധി ഗോത്രവര്‍ഗ ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 27 ഞായറാ്ചയായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളിലെ ആരാധനകളേയും ബാധിക്കുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
30 ലക്ഷം വരുന്ന മണിപ്പൂരിലെ ജനസംഖ്യയുടെ 41 ശതമാനവും ക്രിസ്ത്യാനികളാണ്. ജനുവരി 18-ന് ഓള്-മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്ഗനൈസേഷന്, (എ എം സി ഒ) നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തിയതി പുനഃക്രമീകരിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു സംഘം മണിപ്പൂരില്‍ പോയി ഒരുക്കങ്ങള്‍ അവലോകനം ചെയ്തിരുന്നു.