കോഴിക്കോട് : നവകേരള ബസിന്റെ വാതിൽ തകരാറായതിൽ വിശദീകരണവുമായി ഗതാഗതവകുപ്പ്. ബസിന്റെ വാതിലിന് മെക്കാനിക്കൽ തകരാർ ഇല്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ അമർത്തിയതാണ് കാരണം. പ്രശ്‌നം ഉടൻ പരിഹരിക്കാതിരുന്നത് ഡ്രൈവർമാരുടെ പരിചയക്കുറവ് കാരണമെന്നും ഗതാഗത വകുപ്പ് പറയുന്നു.‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ഇന്ന് ആരംഭിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് ആരംഭിച്ചത്.യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായി. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. സുൽത്താൻ ബത്തേരിയിലെത്തിയാണ് വാതിൽ തകരാർ പരിഹരിച്ചത്.
ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. തുടർന്നു ബത്തേരി ഡിപ്പോയിൽനിന്ന് വാതിലിന്റെ തകരാർ പരിഹരിച്ചു. എമർജൻസി എക്സിറ്റ് സ്വിച്ച് ഓൺ ആയി കിടന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം.4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. താമരശേരിയിൽ ബസിന് സ്വീകരണം ലഭിച്ചു. ഏപ്രിൽ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവൻ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതിൽ ഒരു സീറ്റ് കണ്ടക്ടറുടേതാണ്.