ടെല്‍അവീവ്: ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ. ഗാസയില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഖത്തര്‍ ടെലിവിഷന്‍ ശൃംഖല ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടികാട്ടിയാണ് തീരുമാനം.
അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലിലെ അല്‍ ജസീറയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുക, സംപ്രേക്ഷണ ഉപകരണങ്ങള്‍ കണ്ടുകെട്ടുക, കേബിള്‍, സാറ്റലൈറ്റ് കമ്പനികളില്‍ നിന്ന് ചാനല്‍ വിച്ഛേദിക്കുക, വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക എന്നിവ ഉള്‍പ്പെടുന്നതാണ് നടപടിയെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ മാധ്യമ ശൃംഖലയ്ക്ക് ഖത്തര്‍ ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നു, ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിയെ നിശിതമായി വിമര്‍ശിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുവെന്നും സര്‍ക്കാര്‍ ആരോപിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ ചാനലുകളെ വിലക്കാന്‍ അനുവദിക്കുന്ന നിയമം ഇസ്രയേല്‍ പാര്‍ലമെന്റ് കഴിഞ്ഞ മാസം പാസാക്കിയിരുന്നു.