പശ്ചിമ ബംഗാളിലെ 4 ലോക്സഭാ മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ് നടക്കും. ശക്തമായ ത്രികോണ മത്സരമാണ് ഈ മണ്ഡലങ്ങളിൽ നടക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനും സംസ്ഥാനം ഭരിക്കുന്ന ത്രിണമൂൽ സർക്കാരിനുമെതിരായ ജനവികാരം ബംഗാളിൽ പ്രകടമാണ്. പ്രധാനമന്ത്രിയായിരുന്നു ബി.ജെ.പിയുടെ താരപ്രചാരകൻ. സന്ദേശ് ഖാലി വിഷയം ആളി കത്തിച്ച് വർഗീയ ധ്രുവികരണം ഉണ്ടാക്കാനാണ് നരേന്ദ്ര മോദി ശ്രമിച്ചത്. എന്നാൽ ഗവർണർ സി.വി ആനന്ദ് ബോസിനെതിരായ ലൈംഗിക പീഡന പരാതി ബി.ജെ.പിക്ക് തിരിച്ചടിയായി.
ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന ബി.ജെ.പിയുടെ ആരോപണത്തെ ആനന്ദ് ബോസിനെതിരായ ലൈംഗിക പീഡന ആരോപണം ഉയർത്തി കാണിച്ചാണ് ത്രിണമൂൽ കോൺഗ്രസ് പ്രതിരോധിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾ ഉയർത്തി കാണിച്ചാണ് ഇടതുപക്ഷവും കോൺഗ്രസും പ്രചാരണം നടത്തിയത്. മൂർ ഷിദാബാദ് മണ്ഡലത്തൽ മത്സരിക്കുന്ന സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിന് വ്യക്തമായ മുൻതൂക്കമുണ്ട്. മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ നടത്തിയ പ്രചാരണം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.