തിരുവനന്തപുരം> അധിക്ഷേപകരമായി പെരുമാറിയ കേസിൽ അന്വേഷണം നേരിടുന്ന കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിൻ്റെ പരാതിയില്‍ മേയർക്കെതിരെ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കി . തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഹര്‍ജി പരിഗണിച്ചത്. പരാതി പരിഗണിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചു.കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
ഹര്‍ജിയില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ ചുമത്തി മേയര്‍ക്കും കുടുംബത്തിനുമെതിരെ കേസെടുക്കാനാണ് ഉത്തരവ് വന്നിരിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ., മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ആള്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണ് നിര്‍ദേശം.
കേസില്‍ മേയറുടെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. അശ്ലീല ആംഗ്യം കാണിച്ചത് ഉൾപ്പെടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതിനാണ് കേസ്. മേയര്‍ക്കെതിരെ യദു പോലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ഡ്രൈവർ യദു വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചത് ഉൾപ്പെടെ നിയമലംഘനങ്ങൾ നടത്തിയതായും കണ്ടെത്തിയിരുന്നു. നടി രോഷ്ന ആൻ റോയിയും ഇതേ ഡ്രൈവറിൽ നിന്നും സമാനമായ അധിക്ഷേപം നേരിട്ടതായി വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.