ന്യൂഡൽഹി: ഡൽഹി മുഖയമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന. നിരോധിത തീവ്രവാദ സംഘടനയിൽനിന്ന് 160 കോടി ഡോളർ സ്വീകരിച്ചെന്ന പരാതിയിൽ അന്വേഷണം ആവശ്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ലഫ്റ്റനന്റ് ഗവർണർ നൽകിയ ശിപാർശ.
1993ലെ ഡൽഹി ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഫസർ ദേവേന്ദ്ര പാൽ ഭുള്ളറിനെ മോചിപ്പിക്കുന്നതിന് നിരോധിത ഖലിസ്താൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിൽ നിന്ന് രാഷ്ട്രീയ ധനസഹായം സ്വീകരിച്ചെന്നാണ് പരാതി. വേൾഡ് ഹിന്ദു ഫെഡറേഷന്റെ അഷൂ മോംഗിയയാണ് ആം ആദ്മി പാർട്ടിക്കെതിരെ പരാതി നൽകിയത്.
മുഖ്യമന്ത്രി പദവിയിൽ ഇരിക്കുന്നയാൾ നിരോധിത സംഘടനയിൽ നിന്നും ഫണ്ട് സ്വീകരിച്ചെന്ന പരാതിയോടൊപ്പം ഹാജരാക്കിയ ഇലക്ട്രോണിക് തെളിവുകൾക്ക് ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ളവ ആവശ്യമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
പ്രഫസർ ദേവേന്ദ്ര പാൽ ഭുള്ളറിനെ മോചിപ്പിക്കുന്നതിനും ഖലിസ്താൻ അനുകൂല വികാരം ഉയർത്തുന്നതിനും ഖലിസ്താൻ അനുകൂല ഗ്രൂപ്പിൽ നിന്ന് ആം ആദ്മി പാർട്ടി 16 മില്യൺ ഡോളർ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ അന്വേഷണത്തിന് ശിപാർശ ചെയ്തതെന്ന് ലഫ്.ഗവർണറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഭുള്ളറിനെ മോചിപ്പിക്കാൻ ആം ആദ്മി പാർട്ടി സർക്കാർ രാഷ്ട്രപതിയോട് ശിപാർശ ചെയ്തിട്ടുണ്ടെന്നും 2014 -2022 കാലയളവിൽ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഖലിസ്താനി ഗ്രൂപ്പുകളിൽ നിന്ന് 16 മില്യൺ ഡോളർ കൈപ്പറ്റിയതായി ആരോപിച്ച് ഖലിസ്താൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂൻ പുറത്തുവിട്ട വിഡിയോയും ലഫ്.ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തിൽ പരാമർശിച്ചിട്ടുണ്ട്.
1993ൽ ഡൽഹിയിലെ യൂത്ത് കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് നടന്ന സ്‌ഫോടനത്തിൽ ഒമ്പതുപേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് ഭുള്ളർ ശിക്ഷിക്കപ്പെട്ടത്. 1995 മുതൽ തിഹാർ ജയിലിലുള്ള ഭുള്ളറിന് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും 2014ൽ ഇത് ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.