തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ വ്യാപകമായി കേസെടുത്ത് പോലീസ്. കോട്ടയം കൊല്ലാട്, പനച്ചിക്കാട് വെളളുത്തുരുത്തി, നട്ടാശ്ശേരി എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ 20 പേർക്കെതിരെ കേസെടുത്തു. പത്തനംതിട്ടയിലെ കുന്നന്താനത് 13 പേർക്കെതിരെ കേസെടുത്തു. വിവിധ ജില്ലകളിലായി നൂറുകണക്കിനാളുകൾ കേസിൽപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം കൂടി സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശനമായി നേരിടണമെന്ന നിർദേശമാണ് പോലീസിന് നൽകിയിരിക്കുന്നത്.
അതേസമയം കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധവുമാണെന്നും പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും കെ സുധാകരന്‍ എംപി ലോക്സഭയിൽ ഇന്നലെ ആവശ്യപ്പെട്ടു. പദ്ധതിയെക്കുറിച്ച് ശരിയായ ശാസ്ത്രീയവും സാങ്കേതികവും സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാത പഠനങ്ങളൊന്നും നടത്താതെയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. 529.45 കിലോമീറ്റര്‍ അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയായ 63,941 കോടി രൂപ കേരളത്തിന് താങ്ങാന്‍ കഴിയുന്നല്ല. പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക നാശങ്ങള്‍ മൂന്നു പ്രളയങ്ങളെ അതിജീവിച്ച കേരളത്തിനു താങ്ങാനാവില്ലെന്നും സുധാകരൻ പറഞ്ഞു.