പത്തനംതിട്ട: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിക്കുകയും യുവാവ് മരിക്കുകയും ചെയ്ത സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ. പത്തനംതിട്ട കുലശേഖരപതി ചേട്ട ബിയാത്തുമ്മ പുരയിടത്തിൽ സഹദിനെയാണ് (27) ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്.
നെല്ലിക്കാല പ്ലാങ്കൂട്ടത്തിൽ മുരുപ്പേൽ രാജേഷ്-സുമ ദമ്പതികളുടെ മകൻ സുധീഷാണ് (17) ശനിയാഴ്ച രാത്രി മരിച്ചത്. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ കാരംവേലിയിൽ ശനിയാഴ്ച രാത്രി 9.15 ഓടെയായിരുന്നു ബൈക്ക് മറിഞ്ഞ് അപകടം. പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സഹദിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു. സുധീഷിനെ സഹദ് രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
കോഴഞ്ചേരിയിൽ കടയിലേക്കാണ് പോയതെന്നും ബൈക്ക് ഓട്ടോറിക്ഷയിൽ തട്ടിയതിനെ തുടർന്നാണ് മറിഞ്ഞതെന്നുമാണ് സഹദ് പൊലീസിനോട് പറഞ്ഞത്. ബൈക്ക് അമിത വേഗത്തിലായിരുന്നു. രാത്രി വീട്ടിലെത്തി സുധീഷിനെ കൂട്ടിക്കൊണ്ടുപോയതിൽ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു. മൃതദേഹം തിങ്കളാഴ്ച പിതാവ് രാജേഷിന്റെ ചെങ്ങറ കുറുന്തോട്ടിക്കൽ കുമ്പളത്താമണിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.