മൂലമറ്റം: സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് മൂന്നിലൊന്നായി കുറഞ്ഞു. അണക്കെട്ടിൽ ഇപ്പോൾ അവശേഷിക്കുന്നത് 2335.78 അടി വെള്ളമാണ്. ഇത് സംഭരണശേഷിയുടെ 34 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ സമയം 30 ശതമാനം ജലം അവശേഷിച്ചിരുന്നു.
കടുത്ത വേനലിൽ നീരൊഴുക്ക് കുറഞ്ഞതും വേനൽ മഴയിലെ ഗണ്യമായ കുറവുമാണ് ജലനിരപ്പ് താഴാൻ കാരണം. ഇതോടൊപ്പം മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതും ജലനിരപ്പ് താഴാൻ കാരണമായി. വേനൽ ചൂടും കനത്ത ചൂട് കാറ്റും മൂലം ജലം ബാഷ്പീകരിച്ച് നീരാവിയായി പോകുന്നതിന്റെ തോതും കൂടുതലാണ്. ഇടുക്കി അണക്കെട്ടിലെ വെള്ളമുപയോഗിച്ച് തിങ്കളാഴ്ച 5.43 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.
അണക്കെട്ടിലെ നിലവിലെ വെള്ളമുപയോഗിച്ച് ഇനി 753.31 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. പ്രതിദിനം ശരാശരി 7.5 ദശലക്ഷം യൂനിറ്റ് വീതം വൈദ്യുതി ഉൽപാദിപ്പിച്ചാലും 100 ദിവസത്തേക്കാവശ്യമായ ജലം അവശേഷിക്കുന്നുണ്ട്. വർഷകാലം പ്രതീക്ഷിക്കുന്ന ജൂൺ ഒന്നിലേക്ക് 25 ദിവസം മാത്രമേ അകലമുള്ളൂ. അതുകൊണ്ടുതന്നെ നിലവിലെ താഴ്ന്ന ജലനിരപ്പ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകില്ല. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ എല്ലാം കൂടി അവശേഷിക്കുന്നത് 32 ശതമാനം ജലമാണ്. ഇതുപയോഗിച്ച് 1329.64 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. കനത്ത ചൂട് തുടരുന്നതിനാൽ വൈദ്യുതി ഉപഭോഗം പരമാവധിയിലാണ്. 1
03.28 ദശലക്ഷം യൂനിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. ഇതിൽ 87.10 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും പുറം സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയതാണ്. 16.17 ദശലക്ഷം യൂനിറ്റ് മാത്രമാണ് ആഭ്യന്തര വൈദ്യുതി ഉൽപാദനം. ഞായറാഴ്ച രാവിലെ എട്ടു മുതൽ തിങ്കളാഴ്ച എട്ടു വരെയുള്ള ഉപയോഗക്കണക്കാണിത്.