തിരുവനന്തപുരം: കരിമണൽ മാസപ്പടി കേസിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി വിധി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും കൂടുതൽ കരുത്ത് പകരും. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതി കൈയോടെ പിടികൂടിയെന്ന നിലയിൽ മാസപ്പടി കേസ് ഉയർത്തിക്കാട്ടിയ പ്രതിപക്ഷത്തിന് കോടതി ഉത്തരവ് കനത്ത തിരിച്ചടിയാണ്. വോട്ടെടുപ്പിന് മുമ്പായിരുന്നു കോടതിവിധിയെങ്കിൽ അത് സി.പി.എമ്മിന് നേട്ടമാകുമായിരുന്നു.
സ്വകാര്യ കരിമണൽ കമ്പനി സി.ആർ.എം.എൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കിന് സേവനത്തിനുള്ള പ്രതിഫലമെന്ന നിലയിൽ മാസംതോറും വൻതുക നൽകിയെന്ന കേന്ദ്ര ഏജൻസികളുടെ വെളിപ്പെടുത്തൽ ആയുധമാക്കിയാണ് പ്രതിപക്ഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുംനേരെ അഴിമതി ആരോപണം ഉന്നയിച്ചത്. വിഷയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രിയുമായി നേർക്കുനേർ ഏറ്റുമുട്ടിയ മാത്യു കുഴൽനാടൻതന്നെ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചു.
നൽകാത്ത സേവനത്തിന്റെ പേരിൽ കരിമണൽ കമ്പനി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് നൽകിയ തുക സർക്കാറിൽനിന്നുള്ള വഴിവിട്ട സഹായങ്ങൾക്കുള്ള പ്രതിഫലമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. അഴിമതിക്ക് തെളിവായി വാർത്തസമ്മേളനങ്ങളിൽ കുഴൽനാടൻ പുറത്തുവിട്ട രേഖകളെല്ലാം സമർപ്പിച്ചെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. അവയൊന്നും ഹരജിയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ സാധൂകരിക്കുന്നതിന് മതിയായ തെളിവല്ലെന്ന് വിധിയിൽ പറഞ്ഞ കോടതി, ഹരജിക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്ന പരാമർശവും നടത്തി. മാസപ്പടി കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സി.പി.എം വാദങ്ങൾക്ക് പൊതുസമൂഹത്തിൽ വേണ്ടത്ര വിശ്വാസ്യത ലഭിച്ചിരുന്നില്ല.
അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം വിജിലൻസ് കോടതി തള്ളിയതോടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആരോപണമെന്ന സി.പി.എം നിലപാടിന് ബലം ലഭിക്കുന്ന സാഹചര്യമാണുള്ളത്. വിജിലൻസ് കോടതിയിലെ തിരിച്ചടി മാത്യു കുഴൽനാടന് വ്യക്തിപരമായും കനത്ത പ്രഹരമാണ്. മാസപ്പടി ഉൾപ്പെടെ ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിച്ച് കുഴൽനാടൻ മുഖ്യമന്ത്രിയുമായി പലവട്ടം ഏറ്റുമുട്ടിയിട്ടുണ്ട്. മാസപ്പടി കേസിന്റെ നിയമവഴിയിൽ അടിതെറ്റിയത് യുവനേതാവിന്റെ പെരുമ കെടുത്തുന്നതായി.
അതേസമയം, മാസപ്പടി കേസിൽ അന്വേഷണം വേണമെന്ന ആവശ്യം വിജിലൻസ് കോടതി തള്ളിയെങ്കിലും സേവനമൊന്നും നൽകാതെയാണ് എക്സാലോജിക് വൻതുക കൈപ്പറ്റിയതെന്ന ആരോപണത്തിന് തൃപ്തികരമായ വിശദീകരണം നൽകാൻ വീണക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും സർക്കാറിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയ മാസപ്പടി കേസിലെ അനുകൂല വിധി സി.പി.എമ്മിന് നൽകുന്ന ആശ്വാസം ചെറുതല്ല.