ജയ്പൂർ: ഹിജാബുമായി ബന്ധപ്പെട്ട് ആക്ഷേപകരമായ പോസ്റ്റ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് രാജസ്ഥാനിൽ രണ്ട് പോലീസുകാരെ സസ്പെന്‍റ് ചെയ്തു. ജവഹർ സർക്കിൾ പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ രമേഷിനെയും ട്രാഫിക് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സത്വീർ സിങ്ങിനെയുമാണ് സസ്പെന്‍റ് ചെയ്തത്.ഹിജാബ് വിഷയത്തിൽ ആക്ഷേപകരമായ പോസ്റ്റ് ഷെയർ ചെയ്യുകയും സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇരുവരും സസ്പെന്‍റ് ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനിൽ പാരിസ് ദേശ്മുഖ് പറഞ്ഞു.
പോലീസ് കോൺസ്റ്റബിൾ രമേഷ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവെക്കുകയും സത്വീർ സിംഗ് അത് പ്രചരിപ്പിക്കുകയുമായിരുന്നു. ‘സമൂഹ മാധ്യമത്തിൽ ഹിജാബ് വിഷയത്തെക്കുറിച്ച് ആക്ഷേപകരമായ ഫോട്ടോയും കമന്റും പോസ്റ്റ് ചെയ്തതിനാണ് രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരായതിനാൽ അവർ അത് ചെയ്യാൻ പാടില്ലായിരുന്നു. അതുക്കൊണ്ടാണ് അവർക്കെതിരെ നടപടി സ്വീകരിക്കേണ്ടി വന്നത്’-അനിൽ പാരിസ് ദേശ്മുഖ് വ്യക്തമാക്കി. മനക് ചൗക്ക് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരു വ്യക്തിയാണ് പോസ്റ്റ് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് പ്രാഥമിക അന്വേഷണം നടത്തി ഇരുവരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.