അങ്കമാലി: അധികാരം മറ്റൊരാളെ ഏൽപിക്കാതെ മുഖ്യമന്ത്രിയുടെ ധൃതിപിടിച്ചുള്ള വിദേശയാത്രയിൽ ദുരുദ്ദേശ്യമുള്ളതായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. അങ്കമാലിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനാണിപ്പോൾ ഈ യാത്രയെന്നും ആർക്ക് വേണ്ടിയാണീ യാത്രയെന്നും മനസ്സിലാകുന്നില്ല. സർക്കാരിന്റെ പണമാണോ വേറേ ആരുടെയെങ്കിലും സ്പോൺസർഷിപ്പിലാണോ വിദേശത്ത് പോയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ആരെങ്കിലും സ്പോൺസർ ചെയ്തിട്ടുണ്ടങ്കിൽ അത് ആരാണെന്ന് വെളിപ്പെടുത്തണം. എവിടെ പോകുമ്പോഴും ഭാര്യയെയും മക്കളെയും കൊണ്ടുപോകുന്നത് എന്തിനാണ്. അതും ധൂർത്തായി മാത്രമെ കാണുവാൻ കഴിയൂ എന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാനം വളരെ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഈ സമയത്ത് ആവശ്യമില്ലാതെ വിദേശ രാജ്യങ്ങളിൽ കറങ്ങുവാൻ പിണറായി വിജയന് മാത്രമേ കഴിയുകയുള്ളൂവെന്നും അതന്വേഷിക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് ചുമതലയേൽക്കാൻ ഏത് സമയത്തും താൻ തയ്യാറാണ്. പാർട്ടിക്കകത്ത് അക്കാര്യത്തിൽ ഒരു അനിശ്ചിതത്വവുമില്ല. ആർക്കും എതിരഭിപ്രായങ്ങൾ ഉള്ളതായും തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.