ഹൈദരാബാദ്: വ്യാജ സർക്കുലർ കേസിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വെല്ലുവിളിച്ച് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) വർക്കിങ് പ്രസിഡന്‍റ് കെ.ടി രാമറാവു (കെ.ടി.ആർ). ഉസ്മാനിയ സർവകലാശാലയിലെ ഹോസ്റ്റലും മെസ്സുകളും അടക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കുലറിന്‍റെ യഥാർഥ രൂപം പുറത്ത് കൊണ്ട് വരുവാനും ബി.ആർ.എസ് സമൂഹമാധ്യമ കൺവീനർ മന്നെ കൃശാങ്ക് പോസ്റ്റ് ചെയ്ത സർക്കുലർ തെറ്റാണെന്ന് തെളിയിക്കാനുമാണ് കെ.ടി.ആർ വെല്ലുവിളിച്ചത്.
ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇത് തെളിയിക്കുകയാണെങ്കിൽ താൻ ജയിലിൽ പോകാൻ തയാറാണെന്ന് ചഞ്ചൽഗുഡ ജയിലിന് പുറത്ത് നടന്ന വാർത്താ സമ്മേളനത്തിൽ രാമറാവു പറഞ്ഞു. ബുധനാഴ്ച കൃശാങ്കിനെ കണ്ട് ജയിലിൽനിന്ന് പുറത്തിറങ്ങവെയാണ് കെ.ടി.ആറിന്‍റെ പ്രതികരണം.
നിസ്സാരമായ കേസാണിതെന്നും സർവകലാശാലയിലെ ഹോട്ടൽ ആൻഡ് മെസ് ചീഫ് വാർഡൻ പുറപ്പെടുവിച്ച സർക്കുലർ രേവന്ത് വ്യാജമായി നിർമ്മിച്ചതാണെന്നും കെ.ടി.ആർ ആരോപിച്ചു. മെയ് രണ്ട് ബുധനാഴ്ച ഈസ്റ്റ് മാറേഡ് പള്ളി കോടതി കൃശാങ്കിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കൃശാങ്കിന്‍റെ ജാമ്യവുമായി ബന്ധപ്പെട്ട് മെയ് ഏഴിന് കേൾക്കേണ്ട വാദം കോടതി നീട്ടിവെച്ചു. ജഡ്ജികളുടെ ലഭ്യതക്കുറവും മറ്റു സാങ്കേതിക കാരണങ്ങളും മൂലം കൃശാങ്കിന്‍റെ ജാമ്യാപേക്ഷ നിരവധി തവണ മാറ്റി വെച്ചിരുന്നു.