തിരുവനന്തപുരം: റോഡ് നിർമാണത്തിലെ അഴിമതി കേസിൽ എഞ്ചിനീയർമാർക്കും കരാറുകാരനും ഒരു വർഷം വീതം കഠിനതടവിനും 20,000 രൂപ പിഴയും ശിക്ഷിച്ചു. തൃശൂർ ജില്ല പഞ്ചായത്ത് ആളൂർ ഡിവിഷൻ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ചിലങ്ക-അരിക്ക പബ്ലിക് റോഡിന്റെ പുനർനിർമാണത്തിൽ അഴിമതി നടത്തിയ അസി.എഞ്ചിനീയറായിരുന്ന മെഹറുനീസ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.എ.റുക്കിയ എന്നിവരേയും കരാറുകാരനായിരുന്ന റ്റി.ഡി ഡേവിസിനെയും തൃശ്ശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്.
കരാറുകാരനായിരുന്ന ടി.ഡി ഡേവിസ് നിയമാനുസരണമുള്ള നിർമാണസാമഗ്രികൾ ഉപയോഗിക്കാതെയും പ്രവർത്തിയുടെ നിർവഹണോദ്യോഗസ്ഥയായിരുന്ന അസി.എഞ്ചിനീയർ മെഹറുനീസ പ്രവർത്തിയുമായി ബന്ധപ്പെട്ട രേഖകളിൽ അളവുകൾ കരാറുകാരനെ സഹായിക്കുന്നതിന് കൂടുതലായി രേഖപ്പെടുത്തിയും അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറായ വി.എ.റുക്കിയ അളവുകൾ പരിശോധിച്ച് ഉറപ്പ് വരുത്താതെ ക്രമക്കേടിന് കൂട്ടു നിന്നും സർക്കാരിന് 1,08,664 രൂപയുടെ നഷ്ടം വരുത്തി എന്നതാണ് കേസ്.
കേസിൽ തൃശൂർ വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന സി.എസ് മജീദ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഡി.വൈ.എസ്.പി. ജ്യോതിഷ് കുമാർ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്ക് തൃശൂർ വിജിലൻസ് കോടതി ഇന്ന് ഒരു വർഷം വീതം കഠിനതടവിനും 20,000 രൂപ വീതം പിഴ ഒടുക്കുന്നതിനും വിധിച്ചത്.
മെഹറുനിസ തദ്ദേശസ്വയം ഭരണ വകുപ്പിൽ നിന്നും അസി.എഞ്ചിനീയർ തസ്തികയിൽ നിന്നും വിരമിച്ച ശേഷം കരാറടിസ്ഥനത്തിൽ പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ ജോലി നോക്കി വരികയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സ്റ്റാലിൻ ഹാജരായി.