ന്യൂഡൽഹി: ഇന്ത്യൻ വൈവിധ്യം തൊലിനിറം അടിസ്ഥാനപ്പെടുത്തി വിശദീകരിക്കാൻ ശ്രമിച്ച് വെട്ടിലായ സാം പിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജി കോൺഗ്രസ് അധ്യക്ഷൻ അംഗീകരിച്ചു.
പിത്രോദയുടെ വിവാദ പരാമർശം കോൺഗ്രസ് തള്ളിപ്പറഞ്ഞിരുന്നെങ്കിലും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബി.ജെ.പി നേതാക്കൾ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആയുധമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പിത്രോദയുടെ രാജി.
സ്റ്റേറ്റ്സ് മാൻ ദിനപത്രത്തിന് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലെ പരാമർശങ്ങളാണ് വിവാദമായത്. ഇന്ത്യയുടെ കിഴക്കുള്ളവരെ കണ്ടാൽ ചൈനക്കാരെപ്പോലെ, പടിഞ്ഞാറുള്ളവർ അറബികളെപ്പോലെ, വടക്കുള്ളവർ വെള്ളക്കാരെപ്പോലെ, തെക്കേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ എന്നിങ്ങനെയാണ് പിത്രോദ ഉപമിച്ചത്.
നേരത്തെയും പിത്രോദയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. അമേരിക്കയിലെ പാരമ്പര്യ സ്വത്തു നികുതി നല്ല മോഡലായി പിത്രോദ പറഞ്ഞത് കഴിഞ്ഞയാഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണ യോഗങ്ങളിൽ ഉപയോഗിച്ചിരുന്നു.












