ദോഹ: മലയാളി ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു. ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതിയാണ് മക്കയിൽ മരണപ്പെട്ടത്. കണ്ണൂർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ് ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്. ഞായറാഴ്ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. പുലർച്ചെയോടെ മരണം സംഭവിച്ചു. ഭർത്താവ് ഷറഫുദ്ദീൻ സഖാഫി തളിപ്പറമ്പ് അമീറായ ഖത്തറിൽ നിന്നുള്ള അറഫാത്ത് ഉംറ ഗ്രൂപ്പ് അംഗമായാണ് സുഹൈല മക്കയിലേക്ക് യാത്രയായത്. ഖത്തറിൽ സന്ദർശക വിസയിലെത്തിയ ശേഷം ഉംറക്കായി പുറപ്പെട്ടതായിരുന്നു ഇവർ. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: കുഞ്ഞാമിന. മക്കൾ: റഹ്മത്ത് (ആറ് വയസ്സ്), മുഹമ്മദ് (അഞ്ചു വയസ്സ്).












