കോട്ടയം: കുറുപ്പന്തറയിൽ ഓടിക്കൊണ്ടിരുന്ന കേരള എക്സ്പ്രസിനു മുകളിലേക്ക് റെയിൽവേ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണതിനെത്തുടർന്നുണ്ടായ പ്രതിസന്ധി മൂലം ഒരു വണ്ടി തിരിച്ച് വിട്ടു. രണ്ട് ട്രെയിനുകൾ സമയം മാറ്റി. ഇലക്ട്രിക് ലൈൻ തകരാർ ഇന്ന് രാത്രി പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
കുറുപ്പന്തറയ്ക്ക് സമീപം കോതനെല്ലൂരിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് എഞ്ചിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻ്റോഗ്രാഫ് എന്ന സംവിധാനം തകർന്ന് വീഴുകയായിരുന്നു. പാൻ്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈൻ പൊട്ടാൻ കാരണമായി. ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം – ന്യൂ ഡൽഹി കേരള എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. പാൻ്റോഗ്രാഫ് പൊട്ടിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ ഇലക്ട്രിക് ലൈൻ തകർന്നു വീണു. ട്രെയിൻ അവിടെ നിന്നു, ഉദ്യോഗസ്ഥർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ലൈൻ പൊട്ടിയതായി തിരിച്ചറിഞ്ഞത്. വൈകിട്ട് ഏഴു മണിയോടെ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു. ഡീസൽ എഞ്ചിനുള്ള ട്രെയിനുകൾക്ക് കടന്നുപോകാൻ തടസ്സമില്ല. എന്നാൽ ഇലക്ട്രിക് എഞ്ചിനുകൾ ഘടിപ്പിച്ച ട്രെയിനുകളുടെ ഗതാഗതം താറുമാറായിരിക്കുകയാണ്.