ചെന്നൈ: യൂട്യൂബ് പോലുള്ള സമൂഹമാധ്യമ ചാനലുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ആലോചിക്കണമെന്ന് മദ്രാസ് ഹൈകോടതി. ‘റെഡ് പിക്സ്’ ചാനലിലെ ഫെലിക്സ് ജെറാൾഡ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി കുമരേഷ് ബാബുവിന്റേതാണ് നിരീക്ഷണം.
യൂട്യൂബ് ചാനലുകളിൽ അഭിമുഖം നൽകുന്നവർ മിക്കപ്പോഴും അപകീർത്തികരമായ പരാമർശങ്ങളാണ് നടത്തുന്നത്. ഇതിന് സാഹചര്യമൊരുക്കുന്ന ഇത്തരം യൂട്യൂബ് ചാനലിനും അഭിമുഖം നടത്തുന്നവരെയുമാണ് ഒന്നാം പ്രതിയായി കേസെടുക്കേണ്ടതെന്നും ജഡ്ജി പറഞ്ഞു.
റെഡ്പിക്സ് യൂട്യൂബ് ചാനലിൽ ഫെലിക്സ് ജെറാൾഡ് നടത്തിയ അഭിമുഖത്തിൽ ചില ഉന്നത പൊലീസുദ്യോഗസ്ഥർ വനിത പൊലീസ് ഉദ്യോഗസ്ഥരെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പത്രപ്രവർത്തകൻ സൗക്ക് ശങ്കർ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൗക്ക് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്നാണ് ഇദ്ദേഹത്തിന്റെ അഭിമുഖം നടത്തിയ ഫെലിക്സ് ജെറാൾഡ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്. ഒരാഴ്ചക്കകം പൊലീസ് മറുപടി നൽകണമെന്നാവശ്യപ്പെട്ട് കേസ് മാറ്റിവെച്ചു.