ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റെണ്ണം 220 കടക്കാൻ പോകുന്നില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അത് തിരിച്ചറിഞ്ഞതിനാലാണ് ഇത്തവണ 400 സീറ്റെന്ന മുദ്രാവാക്യത്തിൽ നിന്ന് മോദി പിന്നാക്കം പോയതെന്ന് രേവന്ത് റെഡ്ഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ സംവരണനയം തന്നെ റദ്ദാക്കുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.
സംവരണമില്ലാത്ത രാജ്യമെന്നത് ആർഎസ്എസ് അജണ്ടയാണ്. അത് നടപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് നിരോധനം, സിഎഎ, ഏകസിവിൽ കോഡ് ഇതെല്ലാം ആർഎസ്എസ് അജണ്ടയായിരുന്നു. അമിത് ഷായുടെ വ്യാജവീഡിയോ വിവാദം തന്നെ പ്രതിയാക്കിയത് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം താളം തെറ്റിക്കാൻ വേണ്ടിയാണ്. ബിജെപി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.