കുർണൂൽ: സംവരണത്തെക്കുറിച്ചും ന്യൂനപക്ഷ ക്വാട്ടയെക്കുറിച്ചും ബിജെപിയും പ്രതിപക്ഷ നേതാക്കളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചയ്ക്കിടെ പ്രതികരണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി. ആന്ധ്രാപ്രദേശിൽ 4 ശതമാനം മുസ്ലിം സംവരണം നിലനിൽക്കുമെന്നും ഇത് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അവസാന വാക്കാണെന്നും വൈഎസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. കുർണൂലിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരു വശത്ത്, ബിജെപിയുമായി കൈകോർത്ത് 4 ശതമാനം മുസ്ലിം സംവരണം എടുത്തുകളയുമെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്. മറുവശത്ത്, ന്യൂനപക്ഷ വോട്ട് ലക്ഷ്യമാക്കി അദ്ദേഹം പുതിയ ആശയവുമായി വരുന്നു. ചന്ദ്രബാബു നായിഡുവിനെപ്പോലെയുള്ള ഒരു നാടകം നിങ്ങൾ കണ്ടിട്ടുണ്ടോ, എന്ത് വന്നാലും 4 ശതമാനം മുസ്ലിം സംവരണം നിലനിൽക്കും. ഇത് പാർട്ടിയുടെ അവസാന വാക്കാണ്. 4 ശതമാനം സംവരണം റദ്ദാക്കുമെന്ന് എൻഡിഎ സർക്കാർ ഉറപ്പ് നൽകിയതിന് ശേഷവും എന്ത് കൊണ്ടാണ് ചന്ദ്രബാബു നായിഡു എൻഡിഎയിൽ തുടരുന്നത്.-ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.
ഇന്ത്യ സഖ്യം മുസ്ലിം വിഭാഗങ്ങൾക്ക് പിന്നാക്ക സംവരണം നൽകുമെന്ന വാദം ശക്തമാക്കാനായി ബീഹാര്‍ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ പ്രസ്താവന ആയുധമാക്കി നരേന്ദ്ര മോദി രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിം വിഭാഗത്തിന് പൂർണ്ണ സംവരണം വേണമെന്ന ലാലുവിന്റെ പ്രസ്താവനയാണ് മോദി മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് റാലികളിൽ ആയുധമാക്കിയത്. വിവാദത്തെ തുടർന്ന് ലാലുപ്രസാദ് യാദവ് തന്റെ പ്രസ്താവന തിരുത്തുകയായിരുന്നു.